ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് 14 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ കെ. സംഗീതിന്റെ മാനസികനില പരിശോധിക്കാൻ കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഉത്തരവിട്ടു. 

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ് നടത്തിയ പ്രതി സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി. സംഗീതിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. 14 കോടി രൂപയുടെ തട്ടിപ്പാണ് പ്രതി നടത്തിയത്.

 ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ഒന്നാം പ്രതിയാണ് ലോട്ടറി വകുപ്പിലെ ക്ലർക്കായിരുന്ന കെ. സംഗീത്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലയളവിൽ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടും സീലുകൾ ഉപയോഗിച്ചും വ്യാജ രേഖകൾ ചമച്ചുമാണ് സംഗീത് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 സ്ഥല ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. 

കൂടാതെ നിർമ്മാണ കമ്പനികൾ ആരംഭിക്കാനും ആഡംബര വീടുകൾ പണിയാനും ഈ പണം ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സം​ഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്ത് കേസിൽ മൂന്നാം പ്രതിയായി. 

അറസ്റ്റിലായതിന് പിന്നാലെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം സംഗീത് കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ ഇത് തള്ളിയതിനെത്തുടർന്ന് മാനസികാവസ്ഥ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.