Asianet News MalayalamAsianet News Malayalam

എംവി ജയരാജന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

രക്തത്തിൽ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാൽ സി-പാപ്പ് വെന്റിലേറ്ററിന്‍റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്

Medical bulletin says MV Jayarajan health condition unchanged
Author
Kannur, First Published Jan 25, 2021, 4:21 PM IST

കണ്ണൂർ (പരിയാരം) : കൊവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി അധികൃത‍ർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ജയരാജൻ ഐസിയുവിൽ ചികിത്സയിലാണെന്നും പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

രക്തത്തിൽ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാൽ സി-പാപ്പ് വെന്റിലേറ്ററിന്‍റെ സഹായത്തോടെ സാധാരണനിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ എ.എസ്.അനൂപ് കുമാർ, ഡോ പി.ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോർട്ട് സമർ പ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും കൊവിഡ് ന്യുമോണിയ ആയതിനാൽ ഗുരുതരസ്ഥിതി കണക്കാക്കിത്തന്നെ ചികിത്സ തുടരണമെന്നാണ് മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്തത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ നൽകിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കൽസംഘം നിർദ്ദേശം നൽകി. ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തി ലുള്ള മെഡിക്കൽ സംഘവും ജയരാജനെ പരിശോധിക്കും. ആരോഗ്യമന്ത്രി ആശുപത്രി നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേർത്ത പ്രത്യേക മെഡിക്കൽ ബോർഡ് യോഗം സ്ഥിതി വിലയിരുത്തുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടർമാരും അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്ന ജയരാജനെ പരിയാരത്ത് ചികിത്സിക്കുന്നത്.

Follow Us:
Download App:
  • android
  • ios