തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയായി  മെഡിക്കൽ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരടക്കം 350 ല്‍ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായത്.

ഡോക്ടർമാരടക്കം 20 പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ചത്. 150 ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും അടക്കം മുപ്പതില്‍ അധികം പേർക്കും രോഗം പകർന്നതായാണ് വിവരം. എന്നാൽ ഔദ്യോഗികമായി കണക്കുകൾ നൽകാനാവില്ലെന്നാണ് മെഡിക്കൽ കോളേജിന്‍റെ നിലപാട്. ജില്ലാ ഭരണകൂടവും വിവരം നൽകുന്നില്ല. കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്താനാണ് സാധ്യത.  

പരിശോധനക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടച്ചു.  ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി.  അസ്ഥിരോഗ വിഭാഗം ഡോക്ടർമാർ ഉൾപ്പടെ 20 പേരും നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ 25 ഡോക്ടർമാർ ഉൾപ്പെടെ 55 ജീവനക്കാർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശി ഷിജുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ഡോക്ടർമാർമാരാണ് നിരീക്ഷണത്തിൽ പോയത്.

പോസ്റ്റുമോര്‍ട്ടം ചെയ്ത  ഫോറൻസിക് വിഭാഗത്തിലെ ഏഴ് ഡോക്ടർമാർ ഈ മാസം 21 വരെ നിരീക്ഷണത്തിലാണ്. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം  വാർഡ് അടച്ചു. എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും.  ഒപിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നടത്തുക അടിയന്തിര ശസ്ത്രക്രിയകൾ മാത്രമായിരിക്കും. ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ നിരീക്ഷണത്തിലാണ്.  

കണ്ണൂ‍ർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാർത്ഥിയെയും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൂടെ ജോലിചെയ്ത  50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഒരു മാസം മുൻപ് കൊവിഡ് വാർഡിൽ ജോലിചെയ്ത പിജി ഡോക്ടർക്കാണ് രോഗലക്ഷണം കണ്ടത്.  കൊവിഡ് ഇതര ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം, ശസ്ത്രക്രിയ കഴിഞ്ഞവരും ചികിത്സക്കെത്തുന്നവരും അടക്കമുള്ളവരിലേക്ക് വ്യാപനം തുടരുന്നത് സൃഷിടിക്കുക ഗുരുതര പ്രതിസന്ധിയാണ്.