വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച ഇലന്തൂർ കേസ് പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി.

പത്തനംതിട്ട: വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച ഇലന്തൂർ കേസ് പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിംഗിൻ്റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. ഇന്ന് രാവിലെ ഭ​ഗവൽ സി​ങ്, ഷാഫി, ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. അതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി കോംപ്ലക്സിലെത്തിച്ചു. ഫൊറൻസിക് അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ഇവിടേക്ക് കൊണ്ടുവന്നത്. പ്രതികളെ എറണാകുളം പൊലീസ് ക്ലബ്ബിൽ തിരികെ എത്തിച്ചു.

ഇലന്തൂർ ഇരട്ടനരബലി കേസ് പ്രതികളെ കളമശ്ശേരി മെഡി.കോളേജിൽ എത്തിച്ചു

സിആർപിസി 53 എ, 53 വകുപ്പുകൾ അനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അതായത് ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടത്തുക, അതുപോലെ തന്നെ ലൈം​ഗിക വൈകൃതം നടത്തുക. പ്രതികളെ ഫോറൻസിക് അന്വേഷണത്തിന്റെ ഭാ​ഗമായിട്ടുള്ള പരിശോധനക്ക് കൂടി വിധേയമാക്കണം. അതായത് കൊലപാതകം നടക്കുന്ന സമയത്ത് ഇരകൾ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണം നടത്തുമ്പോൾ അത്തരത്തിലുള്ള മുറിവുകൾ പ്രതികളുടെ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം തന്നെ ലൈം​ഗിക വൈകൃതത്തിന്റെ ഭാ​ഗമായിട്ടുള്ള പരിശോധനക്കും വേണ്ടിയാണ് ഇവരെ ഫോറൻസിക് വിഭാ​ഗത്തിലേക്ക് കൊണ്ടുവന്നത്.