ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇവ പരിഹരിക്കാൻ തയാറായില്ലെങ്കിൽ ഇനിയും ഇത്തരം കാര്യങ്ങൾ കണ്ട് അമ്പരക്കേണ്ടി വരുമെന്ന് മെഡിക്കൽ പി ജി അസോസിയേഷൻ.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോ‍ർജിന്‍റെ മിന്ന‍ൽ സന്ദർശനത്തെ വിമർശിച്ച് മെഡിക്കൽ പി ജി അസോസിയേഷൻ. ഇപ്പോഴത്തെ മന്ത്രിയുടെ നടപടി മാസങ്ങൾക്ക് മുൻപേ തന്നെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കാതെയാണെന്ന് പി ജി അസോസിയേഷൻ വിമര്‍ശിച്ചു.

ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇവ പരിഹരിക്കാൻ തയാറായില്ലെങ്കിൽ ഇനിയും ഇത്തരം കാര്യങ്ങൾ കണ്ട് അമ്പരക്കേണ്ടി വരും. കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവിൽ മതിയായ ജീവനക്കാരില്ല, ഉള്ളവർക്ക് ജോലി ഭാരം അധികമാണെന്നും പി ജി അസോസിയേഷൻ കുറ്റപ്പെടുത്തി. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാനും നടപടി ഉണ്ടായില്ലെന്നും വിമർശനം.

മുന്നറിയിപ്പുകൾ നൽകാതെ കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോ​ഗികളും അവർക്കൊപ്പമെത്തിയവരുമായി സംസാരിച്ചു. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവ‍ർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ മന്ത്രി ആരോ​ഗ്യപ്രവ‍ർത്തകരുമായും സംസാരിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജ് വിട്ടത്. ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മിന്നൽ സന്ദ‍ർശനത്തിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ്

മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.