തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് പഠനത്തിന് കുറഞ്ഞ നിരക്ക് മതിയെന്ന് ക്രിസ്ത്യൻ മാനേജ്മെന്‍റുകൾ. പ്രതിവർഷം 7.65 ലക്ഷം മതിയെന്നാണ് ക്രിസ്ത്യൻ മാനേജ്മെന്‍റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിസ് രാജേന്ദ്രബാബു സമിതി 19 കോളേജുകളിൽ നിശ്ചയിച്ചിരിക്കുന്ന ഫീസ് തുക 6.22 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ്. 

ക്രിസ്ത്യൻ മാനേജ്മെന്‍റ് അസോസിയേഷന് കീഴിലുള്ള നാല് കോളേജുകളാണ് കുറഞ്ഞ ഫീസ് മതിയെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. തൃശ്ശൂർ അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, കോലഞ്ചേരി മലങ്കര മെഡ‍ിക്കൽ കോളേജ്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളാണ് ഇവ.

സ്വാശ്രയ ഫീസ് തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഈ തുകയ്ക്കെതിരെ ഹൈക്കോടതിയിൽ പോയ മാനേജ്മെന്‍റുകൾ 11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ പ്രതിവർഷഫീസ് വിജ്ഞാപനം ചെയ്യാൻ അനുമതി നേടിയെടുക്കുകയായിരുന്നു. എൻട്രൻസ് കമ്മീഷണർ ഈ വിജ്ഞാപനം പുറത്തിറക്കിയതോടെ സാമ്പത്തികശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. ഹൈക്കോടതിയുടെ ഉത്തരവിനും, കൂട്ടിയ ഫീസ് പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിനുമെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ വർഷത്തേക്കാൾ ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർത്ഥികളാണ് കൂടിയ ഫീസുള്ള വിജ്ഞാപനം വന്നതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള സർക്കാർ നീക്കം. എജിയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി. പക്ഷെ സുപ്രീംകോടതി തീരുമാനം വരും വരെ പ്രവേശന നടപടികൾ നീട്ടിക്കൊണ്ട് പോകാനാാകില്ല. ഇതോടെ കോളേജുകൾ മാറ്റി ഓപ്ഷൻ നൽകാൻ പ്രവേശന പരീക്ഷാ കമ്മീഷണർ ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഓപ്ഷൻ മാറ്റിയാലും എന്ത് ഫീസാകും അടക്കേണ്ടതെന്ന കാര്യത്തിൽ ഉറപ്പില്ലാത്തത് വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കുന്നത്.