അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്ന് സൗജന്യമായി നല്‍കും: മന്ത്രി വീണാ ജോര്‍ജ്
വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാനാണ് കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാനാണ് കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാന്‍സര്‍ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അര്‍ഹമായ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനില്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. കാന്‍സര്‍ രോഗത്തിന് മുമ്പില്‍ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന കാര്യങ്ങളില്‍ ഒന്നാണ് കാന്‍സര്‍ പ്രതിരോധവും ചികിത്സയും. ഈ മേഖലയില്‍ മൂന്ന് വര്‍ഷമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയും. കൃത്യമായ കാന്‍സര്‍ ഡേറ്റ ശേഖരണത്തിനായി കാന്‍സര്‍ രജിസ്ട്രി രൂപീകരിച്ചു. 14 ജില്ലകളിലും ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പിലാക്കി.
കാന്‍സര്‍ ചികിത്സ വികേന്ദ്രീകരിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ ആരംഭിച്ചു. 2013-14 വര്‍ഷത്തില്‍ കാന്‍സര്‍ സെന്ററിന് പുറമേ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് കാന്‍സര്‍ ചികിത്സ ഉണ്ടായിരുന്നത്. ഇപ്പോള്‍ 50 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാണ്. അന്നത്തെ 68 മരുന്നുകളില്‍ നിന്നും 176 മരുന്നുകള്‍ ലഭ്യമാക്കി. സൗജന്യ ചികിത്സാ രംഗത്തും ഇടപെടലുകള്‍ നടത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് കാന്‍സര്‍ മരുന്നുകള്‍ക്ക് മൂന്നിരട്ടി തുകയാണ് അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായി മാറുന്ന രോഗമാണ് കാന്‍സര്‍. ഏത് കാന്‍സറാണെങ്കിലും ആരംഭത്തില്‍ കണ്ടെത്തി ചികിത്സിക്കണം. ആര്‍ദ്രം കാമ്പയിന്റെ ഭാഗമായി കാന്‍സര്‍ സ്‌ക്രീനിംഗ് കൂടി നടത്തി. ആശുപത്രികളില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ തുടങ്ങി.
റോബോട്ടിക് സര്‍ജറി ആരംഭിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള 'സെര്‍വി സ്‌കാന്‍' രാജ്യത്ത് ആദ്യമായി ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് തീരുമാനമെടുത്തു. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി ആരംഭിച്ചു. കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പുറത്ത് നിന്നും വാങ്ങുമ്പോള്‍ 42,350 രൂപ വിലയുള്ള കാന്‍സര്‍ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയ്ക്ക് വേണ്ടി നല്‍കി മന്ത്രി ആദ്യ വില്‍പന നടത്തി.
കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. എ. ഷിബുലാല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. അനോജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജെ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതത് ജില്ലകളില്‍ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം; എസ്പി പൂങ്കുഴലി നേതൃത്വം നൽകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം