ചർച്ച നടക്കും വരെ പള്ളിക്കു പുറത്തെ പന്തലിൽ ഉള്ളവരുടെ എണ്ണം ഇരുഭാഗത്തും പതിനഞ്ച് വീതമായി കുറയ്ക്കും. പള്ളിക്കുള്ളിലുള്ള യാക്കോബായ വിശ്വാസികളും പള്ളി വരാന്തയിലുള്ള ഓർത്തോഡോക്സ് വിശ്വാസികളും അവിടെ തുടരും

കൊച്ചി: പെരുമ്പാവൂര്‍ ബെഥേൽ സുലോഖോ പള്ളിയിലെ യാക്കോബായ- ഓർത്ത‍ഡോക്സ് തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച. കളക്ടറുടെ സാന്നിദ്ധ്യത്തിൽ നാല് മണിക്കാണ് ചർച്ച നടക്കുക. ഓർത്തഡോക്സ് സഭ അടിയന്തിര സുന്നഹദോസും മാനേജിങ് കമ്മറ്റി യോഗവും ഇന്ന് നടക്കും.

പെരുമ്പാവൂരിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം തുടരുന്ന സാഹചര്യത്തിലാണ് എഡിഎമ്മും പെരുമ്പാവൂര്‍ ഡിവൈഎസ്പിയും ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയത്. കളക്ടറുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. ചർച്ച നടക്കും വരെ പള്ളിക്കു പുറത്തെ പന്തലിൽ ഉള്ളവരുടെ എണ്ണം ഇരുഭാഗത്തും പതിനഞ്ച് വീതമായി കുറയ്ക്കും.

പള്ളിക്കുള്ളിലുള്ള യാക്കോബായ വിശ്വാസികളും പള്ളി വരാന്തയിലുള്ള ഓർത്തോഡോക്സ് വിശ്വാസികളും അവിടെ തുടരും. പെരുമ്പാവൂര്‍ പള്ളിത്തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസും മാനേജിംഗ് കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

ആലുവ തൃക്കുന്നത്ത് സെമിനാരിയിലാണ് യോഗം ചേരുക. ശനിയാഴ്ച ഓ‍ർത്തഡോക്സ് വിഭാഗം പെരുമ്പാവൂര്‍ ബെഥേൽ സുലോക്കോ പള്ളിയിൽ പ്രവേശിച്ചതോടെയാണ് യാക്കോബായ വിഭാഗവുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. അപ്പോൾ മുതൽ പള്ളിക്ക് മുന്നിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മുൻപ് ഉണ്ടായിരുന്ന പോലെ ആരാധന നടത്താമെങ്കിലും പള്ളി വിട്ടു കൊടുക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതൽ സ്വീകരിച്ച നിലപാട്.