ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്ന് വ്യക്തമാക്കിയാണ് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് അയച്ചത്.
കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കണമെന്നുള്ള മാർപ്പാപ്പയുടെ (Pope Francis) നിർദ്ദേശം ചര്‍ച്ച ചെയ്യാന്‍ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് എറണാകുളം ബിഷപ്പ് ഹൗസിലാണ് യോഗം. മാർപ്പാപ്പ നൽകിയത് ഉത്തരവ് അല്ലെന്നും എറണാകുളത്ത് നിലവിലുള്ള ഇളവ് തുടരണമെന്നുമാണ് ആവശ്യം. സിനഡ് തീരുമാനം നടപ്പാക്കുന്നതിനുള്ള എതിർപ്പ് മാർപ്പാപ്പയെ നേരിട്ട് അറിയിക്കും.
ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്ന് വ്യക്തമാക്കിയാണ് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് അയച്ചത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി അതിരൂപത മെത്രാപ്പോലീത്തയ്ക്ക് ഇളവ് നൽകാമെന്നും കത്തിലുണ്ട്. സിനഡ് നിർദ്ദേശം നടപ്പാക്കാൻ പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ കത്ത്.
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
