വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാലുപേർക്കെതിരെ കേസെടുത്ത് കൊല്ലം ശൂരനാട് പൊലീസ്
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാലുപേർക്കെതിരെ കേസെടുത്ത് കൊല്ലം ശൂരനാട് പൊലീസ്. കിരണിന്‍റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം കാണിച്ചത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദിക്കുകയും ആയിരുന്നു. വെല്ലുവിളിയെ തുടർന്ന് പുറത്തേക്ക് ഇറങ്ങി ചെന്നപ്പോഴാണ് കിരണ്‍ മർദനം നേരിട്ടത്. അവശനായ കിരണിന്‍റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയും ചെയ്തു. ജനുവരി 12 ന് രാത്രിയോടെയായിരുന്നു സംഭവം. ആക്രമികൾ മുൻപും പലതവണ വീടിന് മുന്നിലെത്തി വെല്ലുവിളിച്ചിട്ടുണ്ടെന്നാണ് വിവരം.
24 കാരിയായ വിസ്മയയെ 2021 ലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിസ്മയയുടെ ഭർത്താവ് കിരണിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇയാൾ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. പിന്നാലെ കിരണിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും നിലവില്‍ സുപ്രീം കോടതിയില്‍ നിന്നും കിരണ്‍ ജാമ്യം നേടിയിട്ടുണ്ട്.



