പാലക്കാട്: ‌ജയ് ശ്രീറാം ഫ്ലക്സ് വിവാദത്തിനിടെ പാലക്കാട് നഗരസഭയിലെ കൗൺസിലർമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിയോടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. വരണാധികാരി ശ്രീധര വാര്യർ മുതിർന്ന അംഗം ശിവരാജന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഫ്ലക്സ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങളെയും പാസുള്ളവരെയും മാത്രമാണ് കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിക്കുകയെന്ന് പൊലീസ് അറിയിച്ചു. ബിജെപി അംഗങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് ജാഥയായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക. ഫ്ലക്സ് വിവാദത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭരണ ഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതാണ് വിവാദമായത്. കൗൺസിലർമാർ ഉൾപ്പെട്ട സംഭവത്തിൽ പൊലീസ് ഇതുവരെയും ആരെയും പ്രതിചേർത്തിട്ടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർത്ഥികളേയും കൗണ്ടിങ് ഏജന്റുമാരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് ടൗൺ സൗത്ത് പൊലീസിൻ്റെ പ്രതീക്ഷ. തുടർന്നാവും കേസിൽ പ്രതി ചേർക്കുക.