തിരുവനന്തപുരം: ജിഎസ്ടി കുടിശിക അടയ്ക്കാനാകാതെ വ്യാപാരി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാര, വ്യവസായ രംഗത്തെ വിവിധ സംഘടനകളുടെ കടയടപ്പ് സമരം തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകീട്ട് ആറ് മണി വരെയാണ്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. 

പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ റബ്ബർ വ്യാപാരി മത്തായി ഡാനിയലാണ് ജിഎസ്ടി കുടിശിക അടയ്ക്കാനാകാതെ ജീവനൊടുക്കിയത്. 27 ലക്ഷം രൂപ കുടിശിക ഇനത്തിൽ അടയ്ക്കണമെന്ന് കാട്ടി മത്തായി ഡാനിയലിന് നോട്ടീസ് കിട്ടിയിരുന്നു. സംസ്ഥാനത്ത് അര ലക്ഷത്തോളം വ്യാപാരികൾക്ക് സർക്കാർ ഇത്തരത്തിൽ നോട്ടീസ് അയച്ചതായി   വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.