കൊവിഡിന്‍റെ ഒന്ന്,രണ്ട് തരംഗങ്ങളിലായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെറുകിട വ്യാപാര മേഖലയില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ച് പോയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

കോഴിക്കോട്: പ്രതിസന്ധിയില്‍ നിന്ന് കരകയറാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ടിപിആര്‍ അടിസ്ഥാനമാക്കി കടകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് അശാസ്ത്രീയമെന്നും വ്യാപാരികള്‍ പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാമെന്നാണ് ഇന്നത്തെ ചര്‍ച്ചയില്‍ മന്ത്രി എം. വി ഗോവിന്ദന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ്. 

കൊവിഡിന്‍റെ ഒന്ന്,രണ്ട് തരംഗങ്ങളിലായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെറുകിട വ്യാപാര മേഖലയില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ച് പോയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ജിഎസ്ടി രജിസ്ട്രേഷനുളള 20,000- ത്തോളം വ്യാപാരികള്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്ക്. ഇക്കുറി വിഷു, ഈദുല്‍ ഫിത്തര്‍ സീസണ്‍ പൂര്‍ണമായി നഷ്ടപ്പെട്ട വ്യാപാരികള്‍ ബക്രീദ് വിപണിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് പുതിയ നിന്ത്രണങ്ങളുടെ വരവ്.

രോഗവ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി വിഭാഗങ്ങളിലായി പ്രദേശങ്ങളെ തിരിച്ച് കടകള്‍ തുറക്കുന്നതിലേര്‍പ്പെടുത്തിയ നിയന്ത്രണമാണ് മിഠായി തെരുവില്‍ കണ്ടതുപോലുളള കടുത്ത പ്രതിഷേധിത്തിലേക്ക് വ്യാപാരികളെ എത്തിച്ചത്. ശനി, ഞായര്‍ ഒഴികെയുളള എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. 

ജൂലൈ 30 നകം എല്ലാ വ്യാപാരികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുക, പൊലീസും സെക്ടറല്‍ മജിസ്ട്രേട്ടുമാരും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ നടത്തിയ ഉപവാസ സമരവും ലക്ഷ്യം കണ്ടിരുന്നില്ല. ബി കാറ്റഗറിയിലുളള പ്രദേശങ്ങളില്‍ ആഴ്ചയില്‍ മൂന്നു ദിവസവും സി കാറ്റഗറിയിലുളള പ്രദേശങ്ങളില്‍ വെളളിയാഴ്ച മാത്രവുമാണ് കടകള്‍ തുറക്കാന്‍ അനുമതി. മറ്റ് ദിവസങ്ങളില്‍ വീട്ടിലിരിക്കുന്ന ജനം ഈ ദിവസങ്ങളില്‍ ഒരുമിച്ചിറങ്ങുന്നത് രോഗവ്യാപനം കൂട്ടുമെന്നും ഇവര്‍ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona