Asianet News MalayalamAsianet News Malayalam

'ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പിടീപ്പിച്ചത്'; പി വി ശ്രീനിജനെതിരെ മേഴ്സിക്കുട്ടന്‍

പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംസ്ഥാന കൗണ്‍സിലിനാണ്. ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണെന്ന് മേഴ്‌സി കുട്ടന്‍.

mercy kuttan against pv sreenijin mla
Author
First Published May 23, 2023, 10:50 AM IST

എറണാകുളം: പിവി ശ്രീനിജന്‍ എംഎല്‍എക്കെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍. താന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ശ്രീനിജന്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന കൗണ്‍സില്‍ എതിര്‍പ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പിടീപ്പിച്ചതെന്നും മേഴ്‌സി കുട്ടന്‍ ആരോപിച്ചു. 

പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംസ്ഥാന കൗണ്‍സിലിനാണ്. ഇതിനായി ഒരു ഫണ്ടും ജില്ലാ കൗണ്‍സില്‍ നല്‍കിയിട്ടില്ല. ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു. ശ്രീനിജന്‍ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായതോടെ എറണാകുളം ജില്ലയില്‍ കായിക മേഖല മുന്നോട്ട് പോയിട്ടില്ലെന്നും മോശം ഭരണ സമിതിയാണെന്നും മേഴ്‌സി കുട്ടന്‍ കുറ്റപ്പെടുത്തി. 

ഇന്നലെ കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ശ്രീനിജന്‍ തടഞ്ഞിരുന്നു. പനമ്പിള്ളി നഗറിലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നാല് മണിക്കൂര്‍ പൂട്ടിയിടുകയായിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി എത്തിയ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികില്‍ കാത്ത് നിന്നത്. ബ്ലാസ്റ്റേഴ്സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ശ്രീനിജന്റെ നിര്‍ദ്ദേശമെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ഗേറ്റ് തുറക്കാതിരുന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് പനമ്പിള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്ന് പി.വി ശ്രീനിജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വസ്തുതകള്‍ പഠിച്ച് വേണം സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി സംസാരിക്കാനെന്നും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്സാണെന്നും എട്ടുമാസമായി വാടക കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീനിജന്‍ പറഞ്ഞിരുന്നു.


 'കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മോഹൻലാല്‍', സമദാനിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍ 
 

Follow Us:
Download App:
  • android
  • ios