കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളുമായുളള ലയന നീക്കം സജീവമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്‍ ഡി ദേവഗൗഡ. താനുമായുളള ചര്‍ച്ചയ്ക്ക് എം പി വീരേന്ദ്ര കുമാര്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജെഡിഎസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് മാത്രമെ ലയന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു എന്നും എച്ച് ഡി ദേവഗൗ‍ഡ കോഴിക്കോട്ട് പറഞ്ഞു. എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക് ജനതാദളും സി കെ നാണു അധ്യക്ഷനായ ജനതാദള്‍ സെക്യുലറും ലയന ചര്‍ച്ചകള്‍ തുടങ്ങിയതായി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജെഡിഎസ്  അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 

കോഴിക്കോട്ട് സി കെ നാണുവുമായും കെ കൃഷ്ണന്‍കുട്ടിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ദേവഗൗഡ ലയന വിഷയത്തില്‍ നിലപാട് അറിയിച്ചത്. താനുമായുളള ചര്‍ച്ചയ്ക്ക് എംപി വീരേന്ദ്രകുമാര്‍ താല്‍പ്പര്യം അറിയിച്ചിരുന്നെങ്കിലും പാര്‍ലമെന്‍റ് സെഷന്‍ ആയതിനാല്‍ ചര്‍ച്ച നടന്നില്ല. സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ തുടരുകയാണെന്നും ഗൗഡ പറഞ്ഞു. വീരേന്ദ്ര കുമാര്‍ ദേവഗൗഡയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയ സി കെ നാണു ലയനനീക്കം സജീവമെന്ന് ആവര്‍ത്തിച്ചു. അതേസമയം ലയനകാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് നിലപാടെടുത്ത ജെഡിഎസ് എംഎല്‍എ മാത്യു ടി തോമസ് ഗൗഡയുമായുള ചര്‍ച്ചയ്ക്ക് കോഴിക്കോട്ടെത്തിയില്ല. 

പാര്‍ട്ടി ചര്‍ച്ച ചെയ്യാതെ ലയനത്തെക്കുറിച്ച് പരസ്യപ്രഖ്യാപനം നടത്തിയത് ശരിയല്ലെന്നാണ് മാത്യു ടി തോമസിന്‍റെ നിലപാട്. കഴിഞ്ഞയാഴ്ച  ബംഗളൂരിലെത്തിയ മാത്യു ടി തോമസ് ഈ നിലപാട് ദേവഗൗഡയെ അറിയിച്ചിരുന്നു. നീലലോഹിത ദാസ നാടാരും എല്‍ജെഡിയുമായുളള ലയനത്തോട് വിയോജിക്കുകയാണ്. അതേസമയം, സംസ്ഥാന തലത്തില്‍ ഇരു പാര്‍ട്ടികളും ഒന്നാകുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമാണ് സിപിഎം നേതൃത്വം നല്‍കിയിട്ടുളളത്. വിയോജിപ്പുകള്‍ തുടരുമ്പോഴും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലയനം സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഇരു പാര്‍ട്ടികളുടെയും നേതൃത്വം പങ്കുവയ്ക്കുന്നത്.