പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ ഒന്നാം വർഷ വിദ്യാർഥിക്കു നേരെ സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമല്ലെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഗ്യാങ് അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദില്‍ഷാദ് പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കുതെന്നും ദില്‍ഷാദ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. ആക്രമണം രാഷ്ട്രീയ വിഷയമാക്കരുതെന്നും ദില്‍ഷാദ് ആവശ്യപ്പെട്ടു.

"

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ചെവിക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മൂന്നാം വർഷ വിദ്യാർത്ഥികൾ ദിൽഷാദിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദിൽഷാദ് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വുഷു താരമായ ദിൽഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ്. വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷിബിൽ, ഷനിൽ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാല് പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷങ്ങളിൽ സമാനമായ രീതിയിൽ നടന്ന ആക്രമണങ്ങളിൽ ഒന്നാം വർഷ വിദ്യാർഥിയുടെ ചെവിയുടെ കർണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാർഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.