ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ഇത്തരത്തിലുള്ള വിവാഹങ്ങളുടെ പേരിൽ വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും

തിരുവനന്തപുരം:ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ടെന്ന് ഇ ശ്രീധരന്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലവ് ജിഹാദ് സംബന്ധിയായ ഇ ശ്രീധരന്‍റെ പരാമര്‍ശം.

" ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ഇത്തരത്തിലുള്ള വിവാഹങ്ങളുടെ പേരിൽ വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും" എന്നും ഇ ശ്രീധരന്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ടുയർന്ന ഒരു ചോദ്യത്തോട് പ്രതികരിച്ചു.

വെള്ളിയാഴ്ചയാണ് പ്രതികരണം. കേരളത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഇ ശ്രീധരന്‍ മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് താല്‍പര്യമുണ്ടെന്നും ഇ ശ്രീധരന്‍ വിശദമാക്കിയിരുന്നു. സസ്യാഹാരിയാണ് താനെന്നും മുട്ടപോലും കഴിക്കാറില്ലെന്നും ഇ ശ്രീധരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ആരും മാംസം കഴിക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്നും ഇ ശ്രീധരന്‍ എന്‍ഡി ടിവിയോട് വിശദമാക്കി.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നടത്തിയത്. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്നും ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നത്.

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരൻ വിമര്‍ശിച്ചു. കോടികള്‍ ചിലവിട്ട് പരസ്യം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.