കോട്ടയം: നാളെ മുതൽ പ്ലാസ്റ്റിക് നിരോധനം വരാനിരിക്കെ, പ്രധാന വെല്ലുവിളിയായ സ്ട്രോയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എംജി സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി. പോത വര്‍ഗത്തില്‍പ്പെട്ട പുല്ലിന്‍റെ തണ്ട് സ്ട്രോയ്ക്ക് പകരമായി ഉപയോഗിക്കാനാവുമെന്നാണ് എംജി സര്‍വകലാശാല എൻവയോണ്‍മെന്‍റല്‍ സയൻസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷിജോ ജോയി കണ്ടെത്തിയിരിക്കുന്നത്.

കേടുകൂടാതെയിരിക്കാൻ ചില പദാര്‍ത്ഥങ്ങള്‍ പ്രകൃതി സൗഹൃദ സ്ട്രോയില്‍ ചേര്‍‍ത്തിട്ടുണ്ട്.ഒരു വര്‍ഷമെടുത്ത് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഇത് വികസിപ്പിച്ചത്. പ്ലാസ്റ്റിക് സ്ട്രോയ്ക്ക് ഒരു കവറിന് 60 രൂപയാണെങ്കില്‍ പ്രകൃതി സൗഹൃദ സ്ട്രോ 40 രൂപയ്ക്ക് നല്‍കാമെന്ന് ഷിജോ പറയുന്നു.

കണ്ടുപിടിത്തത്തിന് പേറ്റന്റിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ ഷിജോ ജോയി. ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിര്‍മ്മിക്കാനും താത്പര്യമുണ്ടെന്ന് ഷിജോ ജോയി പറയുന്നു. സര്‍വ്വകലാശാലയുമായി ആലോചിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്ന് ഷിജോ ജോയി പറഞ്ഞു.