തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിഗ്രി, പിജി പരീക്ഷകൾ മെയ് 18 ന് പുനരാരംഭിക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 18, 19 തീയതികളിലും അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതലും നാല‌ാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ മെയ് 25നും ആരംഭിക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം മെയ് 25, 28 തീയതികളിൽ നടക്കുമെന്നും അറിയിച്ചു. 

നേരത്തെ സർവ്വകലാശാല പരീക്ഷകൾ മെയ് 11 മുതൽ നടത്തണമെന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്നീട് തിരുത്തിയിരുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം പരിശോധിച്ച് സർവ്വകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല പുതിയ തിയ്യതി അറിയിച്ചത്.