പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തിയ വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു.
പാലക്കാട്: 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു. ബൊക്കെ നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചു. സിപിഎം പ്രവര്‍ത്തകര്‍ രാഹുലിനെ കൂവി വിളിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എംഎൽഎ ഓഫീസിലേക്കാണ് രാഹുലെത്തിയത്. വിശദമായ പ്രതികരണത്തിന് തയ്യാറായില്ല. എംഎൽഎ ബോര്‍ഡ് വെച്ച വാഹനത്തിലാണ് രാഹുൽ എത്തിയത്. എംഎൽഎ ഓഫീസിലാണ് ഇപ്പോഴുള്ളത്. അടുത്ത മൂന്ന് ദിവസം ഇവിടെയുണ്ടാകുമെന്നാണ് രാഹുൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്
‘’എനിക്ക് പറയാനുള്ളതും എനിക്കെതിരെ പറയാനുള്ളതും ഏറ്റവും ബഹുമാനപ്പെട്ട നീതിന്യായപീഠത്തിന്‍റെ മുന്നിലുണ്ട്. ഇനി കോടതി തീരുമാനിക്കട്ടെ. എന്തായാലും സത്യം ജയിക്കുമെന്നുള്ള കോണ്‍ഫിഡൻസ് എനിക്കുണ്ട്. കോടതിയാണ് തീരുമാനമുണ്ടാക്കേണ്ടതും തീര്‍പ്പുണ്ടാക്കേണ്ടതും. അതിനപ്പുറത്തേക്ക് എനിക്ക് തത്ക്കാലം ഒന്നും പറയാനില്ല. പറയാനുള്ളതെല്ലാം ഞാൻ കോടതിയിൽ പറയും. എനിക്കെതിരെ പറയാനുള്ളത് കോടതിയിൽ തന്നെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ഇതൊരു ജനാധിപത്യ രാജ്യമാണല്ലോ. അതിനപ്പുറം ഒന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാനിവിടെത്തന്നെയുണ്ടാകും, അതിലൊരു തര്‍ക്കവുമില്ല.'' മറ്റ് വിഷയങ്ങളോടുള്ള ചോദ്യത്തിന് രാഹുൽ പ്രതികരിക്കാൻ തയ്യാറായില്ല.
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കുന്ന ഇന്ന് വൈകുന്നേരം നാലേമുക്കാലോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്. രണ്ട് ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ എടുത്തിരുന്നത്. അതിൽ രണ്ടാമത്തെ കേസിൽ മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം നവംബര്‍ 27 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്നാണ് പാലക്കാട് തിരികെയെത്തിയത്.


