തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല നടപടിയെടുക്കും. വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

സര്‍വ്വകലാശാലയെ സര്‍ക്കാര്‍ അനൗദ്യോഗികമായി നിലപാട് അറിയിച്ചു. സ്വയംഭരണ സ്ഥാപനമായതിനാല്‍ ഔദ്യോഗിക നിര്‍ദ്ദേശം നല്‍കില്ലെന്നാണ് സൂചന. തുടര്‍നടപടി എന്താകുമെന്ന് അടുത്ത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ തീരുമാനമാകുമെന്നാണ് വിവരം. 

നാളെ എംജി സര്‍വ്വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നുണ്ട്. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാന്‍സലറുടെ അധ്യക്ഷതയിലാണ് സിന്‍ഡിക്കേറ്റ് ചേരുക. വിവാദമായ മാര്‍ക്ക് ദാനം പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.