കോതമംഗലം എം എ കോളേജ് വിദ്യാർത്ഥി മിച്ചി മർപുവിന്റെ മരണത്തെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ, കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. വകുപ്പ് മേധാവിയെയും കെ ടി യു കോർഡിനേറ്ററെയും മാറ്റി നിർത്താനും തീരുമാനമുണ്ട്
കൊച്ചി: കോതമംഗലം എം എ കോളേജ് വിദ്യാർത്ഥി മിച്ചി മർപുവിന്റെ മരണത്തിൽ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. കോളേജ് ഗവേണിംഗ് ബോർഡിലെ മൂന്ന് അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്കും ഉൾപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനെ തുടർന്നാണ് ഇന്നലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച മാനേജ്മെന്റ്, വകുപ്പ് മേധാവിയെയും, കെ ടി യു കോർഡിനേറ്ററെയും മാറ്റി നിർത്തുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോർ വച്ചതോടെ ഇയർ ഔട്ട് ആകുമെന്ന് പേടിച്ചാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മൂന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയത്.
അണ പൊട്ടിയ പ്രതിഷേധം
മിച്ചി മർപ്പുവിന്റെ മരണത്തോടെ അണ പൊട്ടിയ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിലാണ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. സ്വയം ഭരണാവകാശത്തിന്റെ ബലത്തിൽ എം എ കോളേജ് സ്വീകരിച്ച, നയങ്ങളെ വിദ്യാർഥികൾ ചോദ്യം ചെയ്തു. നേരിട്ട അനീതികളെ തുറന്നു കാട്ടി. സഹപാഠിക്ക് നീതി തേടി സമരമിരുന്നതോടെയാണ് മാനേജ്മെന്‍റ് വഴങ്ങിയത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് പ്രിൻസിപ്പൽ തന്നെയാണ് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ ഇതിൽ വ്യക്തത ഇല്ലെന്നു കാട്ടി, വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ക്യാബിനു മുന്നിൽ കുത്തിയിരുന്നു. പിന്നാലെ സമരക്കാരുമായി ചർച്ച നടന്നു. 3 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വിദ്യാർഥി സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഉറപ്പുകൾ എഴുതി നൽകിയത്. പ്രതിഷേധിച്ച ആർക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകില്ല. പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണത്തിൽ ഇടപെടില്ല. എച്ച് ഒ ഡി, കെ ടി യു കോർഡിനേറ്റർ എന്നിവരെ മാറ്റി നിർത്തും, കമ്മീഷനിൽ വിദ്യാർഥി പ്രതിനിധികൾ ഉണ്ടാകും. വിദ്യാർഥികൾ ഉയർത്തിയ 12 ആവശ്യങ്ങളും പരിഗണിക്കും. പ്രത്യേക സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും. ചർച്ചയിലെ ധാരണകൾ കോളേജ് ലെറ്റർ പാടിൽ നൽകിയതോടെ വിദ്യാർഥികൾ സമര വിജയം പ്രഖ്യാപിച്ചത്. ഇന്ന് ധാരണപ്രകാരം മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചതോടെ, അന്വേഷണ റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ.
