ഒല്ലൂർ: അയൽവാസിയുടെ ആറ് വയസുള്ള മകളെ ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയ ആൾ പൊലീസ് പിടിയിലായി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് പ്രതി മദ്യപിക്കാനെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ ഇന്നലെ രാത്രി 9.30 യോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

ബാർ ജീവനക്കാർ വിവരമറിയച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയപ്പോൾ ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്. അയൽവാസിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ കൂടെയാണ് വന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ പെൺകുട്ടിക്കൊപ്പം ഈ സമയത്ത് ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നില്ല.

പെൺകുട്ടി പറഞ്ഞ വിവരമനുസരിച്ച് പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അയൽവാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുൻപിൽ കുട്ടിയെ നിർത്തിയ ശേഷമാണ് താൻ മദ്യപിക്കാൻ കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് പുറത്തെത്തിയപ്പോൾ പെൺകുട്ടിക്ക് ചുറ്റും നാട്ടുകാർ കൂടി നിൽക്കുന്നതാണ് കണ്ടത്. നാട്ടുകാർ മർദ്ദിക്കുമെന്ന് ഭയന്നാണ് താൻ താമസസ്ഥലത്തേക്ക് തിരികെ പോയതെന്നും യുവാവ് മൊഴി നൽകി.