മലപ്പുറം: എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയേയും ബന്ധുവിനേയും  മർദ്ദിച്ച കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനാണ് അമ്മയേം ബന്ധുവിനേയും  മർദ്ദിച്ചത്.

എടപ്പാള്‍ സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോക്സോ നിയമം പ്രകാരം കേസെടുക്കുമെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പീഡിപ്പിക്കാൻ ശ്രമിച്ചത്  ചോദ്യം ചെയ്ത അമ്മയേയും ബന്ധുവിനേയും നാരായണൻ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ എടപ്പാളിലെ ഒരു വ്യാപാരിയാണ് വിവരം ചങ്ങരംകുളം പൊലീസിനെ അറിയിച്ചത്. ചങ്ങരംകുളം പൊലീസ് സ്ത്രീയുടേയും ബന്ധുവിന്‍റേയും മൊഴി രേഖപെടുത്തി. പോക്സോക്ക് പുറമേ മാരകായുധം കൊണ്ട് ആക്രമിച്ചതിനും വധ ശ്രമത്തിനും നാരായണനെതിരെ കേസെടുക്കുമെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു.

സ്ത്രീയേയും ബന്ധുവിനേയും മര്‍ദ്ദിച്ചപ്പോള്‍ നാരായണന്‍റെ കൂടെ ചില സുഹൃത്തുക്കള്‍ക്കൂടി ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ആക്രമണത്തില്‍ ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും വ്യക്തമായാല്‍ ഇവര്‍ക്കെതിരെക്കൂടി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.....