തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മുതൽ പുതിയ വില നിലവില്‍ വരും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകന് നൽകും.

ഇളം നീല കവർ പാലിന്‍റെ വില 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന്‍റെ വില ലിറ്ററിന് 41 ൽ നിന്ന് 45 രൂപയുമാകും. മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഏഴ് രൂപ കൂട്ടണമെന്ന മിൽമയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. നാല് രൂപ കൂടുന്നതിൽ 3.35 രൂപ ലിറ്ററിന് കർഷകർക്ക് കൂടുതലായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കർഷന് നൽകുമെന്ന് മിൽമ അറിയിച്ചെങ്കിലും അതിനേക്കാൾ അധികം നൽകണമെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് 83.75 ശതമാനം വിഹിതം കർഷകർക്ക് നൽകാൻ തീരുമാനിച്ചത്.

ഓണക്കാലത്ത് വില കൂട്ടുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നത് ഓണത്തിന് ശേഷം മതിയെന്ന് നിലപാടെടുത്തത്. സർക്കാർ ഫാമുകളിൽ പാൽ വില കൂടിയിട്ടുണ്ട്. ലിറ്ററിന് 46 രൂപയാണ് ഫാമുകളിലെ നിരക്ക്. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്. പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്ററിന്‍റെ കുറവുണ്ടാകുകയും ചെയ്തിരുന്നു.