തിരുവനന്തപുരം: മിൽമ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാകും. വിലവര്‍ദ്ധനവിന്‍റെ പ്രധാന നേട്ടം കര്‍ഷകനായിരിക്കുമെന്ന് മില്‍മ അറിയിച്ചു.

കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ പുതുക്കിയ വില 48 രൂപയാണ്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് ലഭിക്കും. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ പുതുക്കിയ വില പ്രകാരമാവും വിൽപന.

ഈ മാസം ആറിന് മന്ത്രി പി രാജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ഉപഭോക്താക്കളുടെ താല്‍പര്യം കൂടി പരിഗണിച്ചാണ്  വര്‍ദ്ധന നാലു രൂപയില്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്.

കാലിത്തീറ്റയുടെ വിലക്കയറ്റമടക്കം ഉല്‍പ്പാദനച്ചെലവ് ക്ഷീരകര്‍ഷകന് താങ്ങാനാവാത്ത സാഹചര്യത്തിലാണ് പാല്‍വില ലീറ്ററിന് നാലു രൂപ കൂട്ടിയത്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീരകർഷകർക്ക് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്‍റുമാര്‍ക്കും മൂന്നു പൈസ ക്ഷീരകര്‍ഷക ക്ഷേമ നിധിയിലേക്കും പത്ത് പൈസ മേഖലാ യൂണിയനുകള്‍ക്കും നല്‍കും.