നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച കേസിൽ കാർ കമ്പനിയുടെ സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി.

കൊച്ചി : നെടുമ്പാശേരി വിമാനത്താവള റോഡില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച കേസില്‍ കൂടുതൽ പരിശോധന. കാര്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഒക്ടോബർ 11 ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് തൽക്ഷണം മരിച്ചത്. വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികൾ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു കാറെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തലിലാണ് വ്യക്തമായത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെയാണ് എറണാകുളം സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

അതേ സമയം, മിനികൂപ്പര്‍ അമിത വേഗത്തിൽ എത്തി മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച വിമാനത്താവള റോഡിൽ വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. കൂടുതൽ സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന.