തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ലോക്ഡൗൺ സംബന്ധിച്ച  പുതിയ ഇളവുകൾ എങ്ങനെ നടപ്പിലാക്കണമെന്നുള്ള കാര്യം വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ പുതിയതായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകളിൽ റോഡ് മാർ​ഗമുള്ള പൊതു​ഗതാ​ഗതം സംബന്ധിച്ച് അവ്യക്തതകളുണ്ട്. പാസ്സില്ലാതെ ആളുകൾ വരുമ്പോൾ അതിർത്തിയിലെ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടി വരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി. 

ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ ലോക്ക്ഡൗൺ  ഇളവുകൾ കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സംസ്ഥാന അതിർത്തിയിൽ പാസ് നിർത്തലാക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. കേരളാ അതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.

Read Also: തമിഴ്നാട്: തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ; മറ്റ് ജില്ലകളിൽ ഇളവുകൾ, പൊതു​ഗതാ​ഗതത്തിനും അനുമതി..