തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിവാദ കണ്‍സെഷന്‍ (Bus Concession) പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju). നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൌജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ എസ്എഫ്ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐയുമായി താൻ സംസാരിച്ചോളാമെന്നും തന്‍റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നുമാണ് ആന്‍റണി രാജു പറഞ്ഞത്. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‍യുവിന്‍റേത് രാഷ്ട്രിയ പ്രസ്താവനയാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും ആന്‍റണി രാജു പറഞ്ഞു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. 'പത്ത് വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസെഷൻ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു'. കൺസെഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ അപക്വം എന്നാണ് എസ്എഫ്ഐ വിശേഷിപ്പിച്ചത്. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസെഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
