ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. 

തിരുവനന്തപുരം: ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കും. സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. 

കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിരുവനന്തപുരത്ത് മന്ത്രി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണസര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്. 

കെഎസ്ആര്‍ടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചര്‍ 2 വില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കര്‍മ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്‍റെ ഭാഗമായി ഡീസല്‍ ബസ്സുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിലിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവായിട്ടുണ്ട്. ഇതിന്‍റെ സാമ്പത്തികവും സാങ്കേതികവുമായി പ്രായോഗികത പരീക്ഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി പെട്രോനെറ്റ് എല്‍എന്‍ജിയുടെ രണ്ട് ബസ്സുകളാണ് പരീക്ഷണ സര്‍വ്വീസിന് കെഎസ്ആര്‍ടിസ്ക്ക് വിട്ടുനല്‍കിയിരിക്കുന്നത്.സിഎന്‍ജിയേക്കാല്‍ ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസ്സുകളെ എല്‍എന‍്ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona