Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ശമ്പളപരിഷ്കരണം ഉടന്‍; എംപാനല്‍കാര്‍ക്ക് ജോലിയില്‍ മുന്‍ഗണനയെന്ന് ആന്‍റണി രാജു

ജോലി നഷ്ടപ്പെട്ട എം പാനൽ ജീവനക്കാരോട് അനുകമ്പയോടെയുള്ള നടപടി ഉണ്ടാകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. എം പാനൽ ജീവനക്കാര്‍ക്ക് കെ സ്വിഫ്റ്റിലെ ജോലിക്ക് മുൻഗണന നൽകുമെന്നും ആന്റണി രാജു പറഞ്ഞു.

Minister Antony Raju on asianet news phone in program
Author
Thiruvananthapuram, First Published May 31, 2021, 4:37 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ലാഭമുണ്ടാക്കുകയല്ല, യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പിലാക്കും. സംസ്ഥാനത്തെ ആര്‍ടിഒ സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ മന്ത്രിയോട് ചോദിക്കാം പരിപാടിയില്‍ അദ്ദേഹം അറിയിച്ചു. സ്വകാര്യ ബസ്സുകളുടെ നികുതി ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ബസ്സുകളുടെ മെയ് 31 ന് അവസാനിക്കുന്ന പാദത്തിലെ നികുതി ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. 

പൊതുജനങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന വകുപ്പായതുകൊണ്ടുതന്നെ, അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതഗാതമന്ത്രി വ്യക്തമാക്കി. ദീര്‍ഘദൂര ബസ്സുകള്‍ കെ സ്വിഫ്റ്റിന് കീഴിലാക്കുന്നതോടെ ബസ്സുകളുടെ ഓവര്‍ലാപ്പിംഗ് ഒഴിവാകും. ജോലി നഷ്ടപ്പെട്ട എം പാനൽ ജീവനക്കാരോട് അനുകമ്പയോടെയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എം പാനല്‍ ജീവനക്കാര്‍ക്ക് കെ സ്വിഫ്റ്റിലെ ജോലിക്ക് മുൻഗണന നൽകും. എഎംവിഐ തസ്തികയിലെ ഒഴിവ് ഉടൻ നികത്തണമെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെ സ്വിഫ്റ്റ് പദ്ധതിയിലൂടെ ദീര്‍ഘദൂര സര്‍വീസ് ഒരു കുടക്കീഴില്‍ കൊണ്ടുവരും. സുരക്ഷിത യാത്ര ഉറപ്പവരുത്താന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കാന്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

2016 ന് ശേഷം ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ടില്ല. പ്രതിമാസം 20 കോടി അധിക ബാധ്യത ഉണ്ടാകുമെങ്കിലും അടുത്ത മാസം തന്നെ ശമ്പളപരിഷ്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കും. പെന്‍ഷന്‍കാര്‍ക്ക് 500 രൂപ പ്രതിമാസം അധിക സാഹായമായി അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍ മുടങ്ങില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആന്‍റണി രാജു അറിയിച്ചു. പത്തനാപുരം ഡിപ്പോ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫണ്ട് തിരിമറിയിൽ വിട്ടുവീഴ്ചയില്ലെന്നും അങ്ങനെ ഉണ്ടായാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു പ്രതികരിച്ചു.

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ ഓണ്‍ലൈനാക്കും. വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും. ജലഗതാഗതത്തി‍ന്‍റെ സാധ്യതകള്‍ പ്രയോജനപ്പടുത്തും. മറ്റ് വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി വാട്ടര്‍ ടാക്സി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios