വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസിക്ക് മന്ത്രി എപി അനിൽകുമാർ മറുപടി നൽകി. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്ന് മന്ത്രി

മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ. സർക്കാർ മാറി വരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനെ മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള ഇടപെടലിൽ സിപിഎമ്മിന് തെറ്റുപറ്റി. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു മുൻപും ശ്രമമെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെത് ബിജെപിയോട് ചേർന്നുനിൽക്കുന്ന നിലപാട് ആണ്. ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ വെക്കണമെന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ?. കേന്ദ്രമുണ്ടാക്കിയത് പൂർണമായും തെറ്റായ നിയമമാണ്. ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളുടെ ഭാഗമായിട്ടാണ് ബിജെപി അങ്ങനെ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും' എന്ന വിഷയത്തിൽ സർക്കാരിനെതിരെ സി പി എം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി മുക്കം പങ്കെടുത്തത്. വഖഫ് വിഷയത്തിൽ ബി ജെ പി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയ ഉമർ ഫൈസി, സർക്കാരിനെതിരെ വിമർശനം അഴിച്ചുവിട്ടു. ലീഗ് മന്ത്രിയുള്ള വകുപ്പിലാണ് ഈ സ്ഥിതിയെന്നടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംസയും ഉമർ ഫൈസിയും ചേർന്നുള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ ആർ എസ് എസിനോട് കൂട്ടുകൂടാൻ യു ഡി എഫിന് ഒരു മടിയുമില്ലെന്നും ഉമർ ഫൈസി തുറന്നടിച്ചു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ചേർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നുണ്ടെന്നും അതിൽ ആളുകൾ തൂഫാനാകുകയാണെന്നും സമസ്ത സെക്രട്ടറി പരിഹസിച്ചു. സർക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പങ്ങളും ആശങ്കകളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതവരെ എങ്ങോട്ടാണ് നയിക്കുക എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും യു ഡി എഫിന്റെയും നിലപാടുകൾക്കെതിരെ സി പി എം സംഘടിപ്പിച്ച പരിപാടിയിലെ സമസ്ത സെക്രട്ടറിയുടെ സാന്നിധ്യം വഖഫ് വിഷയത്തിലടക്കമുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തൽ.

YouTube video player