രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് പുതുപ്പരിയാരം മുല്ലക്കര ആദിവാസി ഉന്നതിയിലെ 25ലേറെ കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കും. കുടിശ്ശിക തുക അടച്ച് വൈദ്യുതിയെത്തിക്കാൻ വകുപ്പ് മന്ത്രി ഉറപ്പ് നൽകി.
പാലക്കാട്: രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് പുതുപ്പരിയാരം മുല്ലക്കര ആദിവാസി ഉന്നതിയിൽ വെളിച്ചം എത്തിക്കാൻ നടപടി. വൈദ്യുതി ബില്ല് അടയ്ക്കാൻ പണം ഇല്ലാത്തതിനാൽ 25ലേറെ ആദിവാസി കുടുംബങ്ങളുടെ ഇരുട്ടിൽ മൂടിയ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. കുടിശ്ശിക തുക പൂർണമായും അടച്ച് വൈദ്യുതിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് വകുപ്പ് മന്ത്രിയുടെ ഉറപ്പ്.
പനയോല കൊണ്ടും ഷീറ്റ് കൊണ്ടും മറച്ചു കെട്ടിയ ഒറ്റമുറിക്കുടിൽ. വെള്ളമില്ല, വെളിച്ചമില്ല. പാലക്കാട് പുതുപ്പരിയാരം ആദിവാസി ഉന്നതിയിലെ 20 കുടുംബങ്ങളുടെ ദുരവസ്ഥയാണിത്. ബിൽ കുടിശ്ശികയായതോടെ 2022 ഡിസംബറിൽ പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അന്നു മുതൽ രണ്ടു വ൪ഷത്തോളം ഇരുട്ടിലാണ് ഇവിടം. കുട്ടികൾ പഠിക്കുന്നതും വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം മെഴുകുതിരി വെട്ടത്തിൽ. ഉന്നതിയിലെ ദുരവസ്ഥ കേട്ടറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ നേരിട്ടെത്തി. ഊരുവാസികളുടെ ആവശ്യങ്ങൾ കേട്ട മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു.
2.57 ലക്ഷമാണ് വൈദ്യുതി ബിൽ കുടിശ്ശിക. ഇത് അടച്ചു തീ൪ക്കാനും പുതിയ കണക്ഷന് സജീകരണങ്ങൾ ഒരുക്കാനും കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസത്തിൻറെ സിഎസ്ആർ ഫണ്ട് വകയിരുത്തി. 5.57 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ജില്ലാ ഭരണകൂടത്തിന് കൈമാറി. ഈ മാസം 27 നകം തന്നെ എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനാണ് ശ്രമം. വൈദ്യുതിക്ക് പുറമെ ഓരോ വീടുകളിലേക്കും കുടിവെള്ളവും സ്ഥിരവരുമാനം ഉറപ്പാക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിക്കാനും മന്ത്രി നി൪ദേശം നൽകി.

