ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോര്‍ഡ് ആസ്ഥാനവും മന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: ഗുജറാത്തിലെ ബനാസ് ഡയറിയുടെ സിഎന്‍ജി പ്ലാന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിലാണ് പ്ലാന്റില്‍ സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം മന്ത്രി പറഞ്ഞു. ദിവസവും 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങി കൊണ്ടുവരുന്നതാണ് പ്ലാന്റിലെ രീതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

മന്ത്രി ചിഞ്ചുറാണി പറഞ്ഞത്: ''ഗുജറാത്തിലെ ബനാസ് ഡയറിയുടെ സി എന്‍ ജി പ്ലാന്റ് ആണ് ചിത്രത്തില്‍ കാണുന്നത്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങി പ്ലാന്റില്‍ കൊണ്ടുവരുന്നു. കര്‍ഷ്‌കര്‍ക്ക് അതിന് അധിക വരുമാനവും ലഭിക്കുന്നു. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തില്‍ സി എന്‍ ജി ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിദിനം 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. ഉപ ഉല്‍പ്പന്നങ്ങളായി ഓര്‍ഗാനിക് വളവും ഉണ്ടാക്കുന്നു.''

സംസ്ഥാനത്ത് നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോര്‍ഡ് ആസ്ഥാനവും മന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കിസാന്‍ റെയില്‍ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ കാലിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കള്‍ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരളം നല്‍കിയ പ്രൊപ്പോസല്‍ ക്ഷീരവികസന ബോര്‍ഡ് വഴി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം ലഭ്യമാക്കാമെന്ന് ചെയര്‍മാന്‍ മീനേഷ് ഷാ ഉറപ്പ് നല്‍കിയെന്നും മന്ത്രി പറഞ്ഞു. 

''കേരളത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന മാതൃകയില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തിക്കാന്‍ വേണ്ട ഇടപെടല്‍ നടത്താമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയര്‍ത്താനായി ലിംഗനിര്‍ണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തില്‍ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്‌കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തില്‍ തുടങ്ങുന്നത്, പാലിലെ അഫ്‌ലാടോക്‌സിന്‍ ഉള്‍പ്പെടെയുള്ള ഗുണനിലവാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തില്‍ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയില്‍ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സര്‍ക്കാരിന്റെ കന്നുകാലി വികസന ബോര്‍ഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോര്‍ഡ് യോജിച്ചു പ്രവര്‍ത്തിക്കുന്നത്,'' തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞിരുന്നു.