കാസർകോട്: കാസർകോട് ചെങ്കളയിൽ രോഗബാധ കൂടിയേക്കാമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. നിലവിൽ ഇവിടെ കൊവിഡ് നിയന്ത്രണവിധേയമാണ്. പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും. പൊതുപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം. പൊതുപരിപാടികൾ ഓൺലൈനായി നടത്തണം. ചെങ്കളയിൽ കൂടുതൽ പേർക്ക് പരിശോധനകൾ നടത്തും. ചിലയിടങ്ങലിൽ  ചിലർ പരിശോധനക്ക് വിധേയരാകാൻ മടിക്കുന്നുണ്ട്. അത് പരിശോധിക്കും. ജില്ലാഭരണകൂടം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും  മന്ത്രി നമസ്തേ കേരളത്തിൽ പ്രതികരിച്ചു. 

കാസർകോട് ചെങ്കളപാ‌ഞ്ചായത്തിലെ പീലാംകട്ടയിൽ ജൂലൈ 17ന് നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത വധൂവരന്മാർ ഉൾപ്പെടെ 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അൻപതിലധികം പേരെ പങ്കെടുപ്പിച്ച് വിവാഹസൽക്കാരം നടത്തിയ വധുവിന്‍റെ അച്ഛനെതിരെ പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ചെങ്കള വിവാഹസൽക്കാര ചടങ്ങ് തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

 ഇതിന് പുറമേ ചെങ്കള പഞ്ചായത്തിലെ നീർച്ചാലും നാട്ടക്കല്ലും പുതിയ ക്ലസ്റ്ററുകളാക്കി. ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഇതോടെ ഒൻപതായി. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹോസ്ദുർഗ്,നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലവിൽ വന്നു. കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും കൂട്ടംകൂടുന്നതുൾപ്പെടെ ഈ പ്രദേശങ്ങളിലുള്ളവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലുമാണ് നടപടി. നിലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ  സമ്പർക്കപ്പട്ടികയിലുള്ള തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലും,സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രനുമടക്കമുള്ള പത്തിലധികം സിപിഎം നേതാക്കൾ നീരീക്ഷണത്തിലാണ്.