തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. സ്വർണ്ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തിൽ സർക്കാരിന് ഒരു രീതിയിലും ഭയക്കേണ്ട സാഹചര്യമില്ലെന്നും ജയരാജൻ പ്രതികരിച്ചു. 

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിൻറെ പേരിൽ ശിവശങ്കറിനെ ഉടൻ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തേക്കുമെന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് വ്യവസായ മന്ത്രിയും ഇദ്ദേഹത്തെ തള്ളി രംഗത്തെത്തിയത്. 
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സമിതി ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും ചർച്ച നടത്തി.

സ്വ‍ർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിൻറെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാൽ ഇനിയും നടപടി വൈകിയാൽ സർക്കാറിന് വലിയദോഷമുണ്ടാകുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനും സിപിഐക്കുമുള്ളത്. സ്വപ്നയെ ഐടിവകുപ്പിൽ നിയമച്ചച്ചതിൽ ശിവശങ്കറിന് ഗുരുതരമായ ജാഗ്രതകുറിവുണ്ടായെന്നാണ് സർക്കാർ സമിതിയുടെ വിലയിരുത്തൽ എന്നാണ് വിവരം.