നാടിന്‍റെ വികസന സ്വപ്നങ്ങളെ പുനര്‍‌ജനിപ്പിച്ച ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരന്‍റെ കവിത വൈറലാവുകയാണ്.

തിരുവനന്തപുരം: ആലപ്പുഴക്കാരുടെ ഏറെക്കാലത്തെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം. നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കടലിനോട് ചേര്‍ന്നുയര്‍ന്ന ബൈപ്പാസിന്‍റെ ഉദ്ഘാടനം ആലപ്പുഴയിലെ ജനത വലിയ ആഘോഷത്തോടെയാണ് നടത്തിയത്. ഇപ്പോഴിതാ നാടിന്‍റെ വികസന സ്വപ്നങ്ങളെ പുനര്‍‌ജ്ജനിപ്പിച്ച ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരന്‍റെ കവിത വൈറലാവുകയാണ്.

നാളെയുടെ സ്വപ്നങ്ങള്‍ എന്ന് പേരിട്ട കവിതയില്‍ 'ആകാശ സുന്ദരി, കോമളാംഗി നീ എന്‍റെ നാടിന്‍റെ സ്വപ്നപുത്രി എന്നാണ് സുധാകരന്‍ ആലപ്പുഴ ബൈപ്പാസിനെ വര്‍ണിച്ചിരിക്കുന്നത്. ഇതിനു മുമ്പ് എഴുതിയ സിരസിലെ കൊഞ്ച് ഹൃദയം എന്ന കവിത വൈറലായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത്, ഏറെ പുതുമയാർന്നൊരു കൊറോണക്കവിതയുമായും അദ്ദേഹം എത്തിയിരുന്നു. 

ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യർ, അറേബ്യൻ പണിക്കാർ തുടങ്ങി പത്തോളം കവിതാ സമാഹാരങ്ങള്‍ ജി സുധാകരന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്.