Asianet News MalayalamAsianet News Malayalam

അന്ന് കെഎസ്ആർടിസി പറഞ്ഞു ലാഭം, ​ഗണേഷ് ഇപ്പോൾ പറയുന്നു നഷ്ടം; ഇലക്ട്രിക് ബസുകളുടെ ഭാവി എന്താകും  

ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിൽ സർവീസിനിറക്കിയത്. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നും അറിയിച്ചിരുന്നു.

Minister Ganesh says Electric buses creating lose for ksrtc prm
Author
First Published Jan 19, 2024, 9:16 AM IST

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ​ഗതാ​ഗത മന്ത്രി ​ഗണേഷ്കുമാറിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നു. തിരുവനന്തപുരത്തെ ഇലക്ട്രിക് ബസുകളുടെ സിറ്റി സർവീസ് ലാഭമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. ഓരോ ബസും പ്രതിമാസം ശരാശരി 25000 രൂപ ലാഭത്തിലാണെന്നായിരുന്നു കെഎസ്ആർടിസി മുമ്പ് അറിയിച്ചത്. ഇലക്ട്രിക് ബസുകൾ ആദ്യം അവതരിപ്പിച്ചപ്പോൾ ശരാശരി 10,000 പേർ പോലും കയറിയിരുന്നില്ല.

എന്നാൽ, ഇലക്ട്രിക് ബസിൽ ന​ഗരത്തിൽ എവിടെയും 10 രൂപ നിരക്കിൽ യാത്ര ചെയ്യാമെന്ന രീതിയായതോടെ ആളുകൾ കയറി തുടങ്ങി. നിലവിൽ സിറ്റി സർക്കുലർ സർവീസുകളിൽ 70,000–80,000 പേർ ദിവസവും കയറുന്നുണ്ടെന്ന് കെഎസ്ആർടിസി തന്നെ അറിയിച്ചു. മാസം ഒരു ബസിൽ 25,000 രൂപ വരെ ലാഭമെന്നും അറിയിച്ചു. എന്നാൽ, പെട്ടെന്നാണ് ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് മന്ത്രി പറയുന്നത്. ഇതിന്റെ കണക്ക് അധികൃതർ വിശദീകരിച്ചിട്ടുമില്ല. ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ തീരുമാനം മറ്റുപദ്ധതികളെയും ബാധിക്കും. 500 ഇ-ബസുകൾ വാങ്ങാനായി 814 കോടി രൂപയാണ് കിഫ്ബി വായ്പ അനുവദിച്ചത്. കാർബൺ ബഹിർ​ഗമനം കുറക്കാനും പൊതു​ഗതാ​ഗതം ആകർഷകമാക്കാനുമാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. 

ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിൽ സർവീസിനിറക്കിയത്. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നും അറിയിച്ചിരുന്നു. അതിന് പുറമെ, സംസ്ഥാനത്തിന് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവാ ബസ് പദ്ധതിയും മന്ത്രിയുടെ അറിയിപ്പ് കാരണം അനിശ്ചിതത്വത്തിലാകും.  കേരളത്തിലെ 10 നഗരങ്ങളിലേക്കാണ് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുക. തൃശൂർ ന​ഗരത്തിൽ ഇലക്ട്രിക് ബസുകൾ ഇറക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios