ഇവര്‍ക്ക് എത്രയും പെട്ടെന്ന് റേഷൻ കാർഡ് ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ് ജയയുടെ വീട്ടിലെത്തിലേക്ക് ഭക്ഷണസാധനങ്ങളും കുട്ടികൾക്കുള്ള ഉടുപ്പും എത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മയുടെയും നാല് മക്കളുടെയും ദുരിത ജീവിതത്തിന് ആശ്വാസം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇവര്‍ക്ക് എത്രയും പെട്ടെന്ന് റേഷൻ കാർഡ് ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ് ജയയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങളും കുട്ടികൾക്കുള്ള ഉടുപ്പും വീട്ടിലെത്തിച്ചു. ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ശോഭനാ ജോർജ് പ്രതികരിച്ചു.

ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിത ജീവിതം നയിക്കുന്ന ജയയുടെ നാല് കുട്ടികളുടെയും വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. വീട്ട് ജോലിയില്‍ നിന്ന് കിട്ടുന്നതുച്ഛമായ വരുമാനം കൊണ്ടാണ് പറക്കമുറ്റാത്ത മക്കളെയും കൊണ്ട് വാടക വീട്ടിലെ ജയയുടെ ദുരിത ജീവിതം. റേഷന്‍ കാര്‍ഡും അടച്ചുറപ്പുള്ള ഒരു കുഞ്ഞു വീടും കിട്ടിയാല്‍ എന്തെങ്കിലും ജോലി ചെയ്ത് മക്കളുടെ വിശപ്പടക്കാമെന്നാണ് ജയ പറയുന്നത്. തിരുവനന്തപുരം നഗരത്തിലെ ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ തൊട്ടടുത്താണ് ജയയുടെയും കുട്ടികളുടെയും താമസം.

സ്നേഹിച്ച് വിവാഹം കഴിച്ച മനുഷ്യന്‍ മദ്യത്തിനടിമയായതോടെ ജയക്ക് അയാളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ഇവര്‍ മൂന്ന് പെണ്‍കുട്ടികളടക്കം നാല് മക്കള്‍ക്ക് ജന്മം നല്‍കിയിരുന്നു. കൊവിഡിന് മുമ്പ് വരെ വീട്ടുജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വാടകയും കുട്ടികളുടെ കാര്യവും ജയക്ക് ഒരു പരിധിവരെ നോക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ നൂറ് രൂപയാണ് ഒരു ദിവസത്തെ വരുമാനം. റേഷന്‍കാര്‍ഡ് പോലും ഇല്ലാത്തതിനാല്‍ ചില ദിവസങ്ങളില്‍ ജയയുടെ വീട്ടില്‍ പട്ടിണി തന്നെയാണ്. നല്ല മനസുള്ള അയല്‍വാസികളും ജയയുടെ ദുരിത ജീവിതം അറിയുന്ന നാട്ടുകാരുമാണ് ഇന്ന് ഇവരുടെ ഏക ആശ്രയം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona