Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണം; പാർശ്വഫലങ്ങൾ എന്ന ആശങ്ക വേണ്ടെന്ന് മന്ത്രി

 പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്.  

minister k k shailaja about covid vaccination
Author
Kannur, First Published Jan 16, 2021, 7:34 AM IST

കണ്ണൂർ:  കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാൽ  പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്.  അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൂടുതൽ വാക്സിൻ കിട്ടിയാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ‌ വാക്സിൻ കിട്ടണം. അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. 10.30ഓടെ വാക്സിനേഷൻ തുടങ്ങും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന് വാക്സിൻ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിൻ സ്വീകരിക്കും

133 വാക്സീനേഷൻ കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയെല്ലാം ശീതീകരണ സംവിധാനത്തില്‍ കൊവിഷീൽഡ് വാക്സീൻ സുരക്ഷിതമായി ഉണ്ട്. ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും. നാളെ മുതൽ കൊവിൻ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും. കുത്തിവയ്പെടുക്കാൻ എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്സിനേഷൻ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം 
ചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലാകും കുത്തിവയ്പ് നൽകുക. 

കൊവിഡിന്‍റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍ , പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍ , ഗര്‍ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിൻ നല്‍കില്ല. കുത്തിവയ്പ് എടുത്തവര്‍ക്ക് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും
കൈയ്യിലെ മസിലിലാണ് കൊവിഷീൽഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി , 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം  എന്ന നിലയ്ക്കാണ് കാര്യങ്ങൾ. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്സിൻ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.

Follow Us:
Download App:
  • android
  • ios