കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകില്ലെന്ന സൂചന നല്‍കി വനം മന്ത്രി കെ രാജു. പുതുമുഖങ്ങള്‍ കടന്നു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലത്ത് പാര്‍ട്ടിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സിപിഐ നേതാവ് അവകാശപ്പെട്ടു.
പുനലൂരില്‍ ഇടതുമുന്നണിക്ക് ജയിക്കാന്‍ താന്‍ തന്നെ മല്‍സരിക്കണം എന്ന സ്ഥിതിയില്ല. പക്ഷേ ഇക്കുറി മല്‍സരിക്കില്ലെന്ന് തീര്‍ത്ത് പറയാന്‍ പാര്‍ട്ടി അച്ചടക്കം മന്ത്രിയെ അനുവദിക്കുന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

കൊല്ലത്തെ സിപിഐയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണയാണ് കെ.രാജു പുനലൂരിന്റെ എംഎല്‍എയായത്.