തിരുവനന്തപുരം: ഒരു അഴിമതിക്കാരനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ആരെയാണ് നിയമിക്കുന്നതെന്നത് സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ വന്നിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ  അറിയൂ. എം ഡി തസ്തികയിലേക്ക് അഭിമുഖം നടന്നതായി അറിയാം. താന്‍ നിയമനപ്രക്രിയയില്‍ ഇടപെടിട്ടില്ല. നടപടി ക്രമം അനുസരിച്ചേ പ്രവർത്തിക്കൂ. നിയമനങ്ങള്‍ക്ക് സാധാരണ ഗതിയിൽ വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. അഴിമതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് സർക്കാർ നയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് വാര്‍ത്ത പുറത്തുവന്നത്. 14 പേർ അപേക്ഷ നല്‍കിയതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുപ്പിരുന്നു. അതില്‍ ഒരാൾ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകും എന്നാണ് വിവരം. 

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്.