Asianet News MalayalamAsianet News Malayalam

തൃശൂർപൂരം; സന്തോഷകരമായ തീരുമാനമുണ്ടാകുമെന്ന് കടകംപള്ളി

മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയാലുടനെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ആന ഉടമകർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

minister kadakampally surendran says good decision will be taken on thechikottukav ramachandran ban issue
Author
Thrissur, First Published May 9, 2019, 7:48 PM IST

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാ‍ർ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആന ഉടമകളുടെ പ്രശ്നം വനംവകുപ്പുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും. ആന ഉടമകൾക്കും തൃശൂരിലെ ജനങ്ങൾക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.

തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സർക്കാർ ഒന്നും ചെയ്യില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ട് കലക്ടറോ വനം വകുപ്പോ ഇതുവരെ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. വിഷയത്തിലെ സാങ്കേതിക തടസ്സങ്ങൾ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയാലുടനെ ആന ഉടമകൾ ഉന്നയിച്ച വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാർ നിബന്ധന ആന ഉടമകൾ അംഗീകരിച്ചെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

മന്ത്രിമാാരുമായി രണ്ട് മണിക്കൂറോളം നീണ്ട ചർച്ച ആശാവഹമാണെന്ന് ആന ഉടമകൾ പറഞ്ഞു. തൃശൂർ പൂരത്തിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ  പരിഗണിക്കും.

തൃശൂർ  കളക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ട്കാവ് ദേവസ്വം നൽകിയ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.  വിഷയത്തിൽ സംസ്ഥാന സ‍ർക്കാരിൽ നിന്ന് ഹൈക്കോടതി അഭിപ്രായം തേടുമോ എന്ന കാര്യം വ്യക്തമല്ല. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വിലക്കിയാൽ മറ്റന്നാൾ മുതൽ ആനകളെ എഴുന്നള്ളിപ്പിന് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകൾ. എന്നാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് മാത്രമല്ല, മറ്റ പല വിഷയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ആന ഉടമകൾ പറഞ്ഞിരുന്നു.

തങ്ങൾ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും അനുഭാവ പൂർവ്വമായ നിലരപാടാണ് ചർച്ചയിൽ സർക്കാർ കൈക്കൊണ്ടതെന്ന് ആന ഉടമകൾ പറഞ്ഞു.  തെച്ചിക്കോട്ടുകാവ് രാമടചന്ദ്രന്‍റെ വിലക്കിനെതിരായ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ച ശേഷം ആന ഉടമകൾ യോഗം ചേരും. ബാക്കി കാര്യങ്ങൾ യോഗശേഷം തീരുമാനിക്കുമെന്ന് ആന ഉടമകൾ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios