Asianet News MalayalamAsianet News Malayalam

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: പൊലീസ് കേസെടുത്തു, കര്‍ശന നടപടിയെന്ന് കെ കെ ശൈലജ ടീച്ചര്‍

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

minister kk shailaja teacher supports bhagyalakshmi
Author
Thiruvananthapuram, First Published Sep 27, 2020, 6:52 PM IST

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

26ന് 07.30 മണിക്ക് തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാരിക്കാരികള്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി നായര്‍ക്ക് എതിരെ ഐ.പി.സി സെക്ഷന്‍ 354 പ്രകാരവും തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പോലീസിന് ലഭിച്ച പരാതിയുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ നിയമാനുസൃതം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. 

ഈ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് എന്നയാള്‍ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ചുള്ള പരാതിയിന്‍മേല്‍ ഹൈടെക് സെല്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. 

അവരുടെ യൂ ട്യൂബ് സസ്‌ക്രൈബ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം. ഇത്തരത്തില്‍ സ്തീകളെ അപമാനിച്ച് പണം കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios