വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് യുഡിഎഫിൽ പറയുമെന്ന് മന്ത്രി കെഎം ഷാജി. മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാടെന്നും ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ലെന്നും മന്ത്രി

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് യുഡിഎഫിൽ പറയുമെന്ന് മന്ത്രി കെഎം ഷാജി. മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാട്. ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ല. നാടാകെ മദ്യം ഒഴുക്കിയവർ ഇപ്പോൾ എതിർക്കുന്നത് തമാശയാണെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഎം ശ്രീയിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരട്ടെ. സർക്കാരിന് മതിയായ സമയം തരണം. നയപരമായ കാര്യമാണ്. ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കുകയാണ്. സുധീരൻ, കാന്തപുരം അടക്കം ആർക്കും അഭിപ്രായം പറയാമെന്നും എല്ലാം നോക്കി നിലപാട് സർക്കാർ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് സാദിഖലി തങ്ങൾ

മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ പരാമർശം എന്നതിനപ്പുറത്തേക്ക് പ്രാധാന്യത്തോടെ കാണേണ്ടതില്ല. മദ്യം ഒരു വിഭാഗത്തിന് മാത്രമല്ല പ്രശ്നം ഉണ്ടാക്കുക. സമൂഹത്തിൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. മദ്യവർജനമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് തീരുമാനം എടുക്കൂവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലഹരിക്കെതിരെയുള്ള പോരാട്ടം നടക്കുകയാണ്. അതിനിടയ്ക്ക് ഇങ്ങനെ ഒരു ചർച്ച വന്നപ്പോൾ ആളുകൾക്ക് സംശയമുണ്ടായെന്നും സാദിഖലി തങ്ങൾ പറയുന്നു. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ലഭ്യമാക്കിയ സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്താകെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറി. അതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ വിമർശനവുമായി സമസ്ത മുഖപത്രം രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സർക്കാരിൻ്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണെന്നും സുപ്രഭാതത്തിലെ ലേഖനത്തിൽ പരാമർശിക്കുന്നു. മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാനുള്ള നയവുമായി മുന്നോട്ടുവരുന്നത് നിർഭാഗ്യകരമാണ്. മദ്യത്തിൻ്റെ വീര്യം കുറവാണെന്നത് അതിൻ്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നില്ല. സുരക്ഷിത മദ്യം എന്ന തെറ്റായ ധാരണ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

YouTube video player