തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും സര്‍ക്കാര്‍ കര്‍ശന നടപടി എടുത്ത കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെടി ജലീൽ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. 

എന്നാൽ യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ചര്‍ച്ച ചെയ്യാനല്ല ഗവര്‍ണറെ കണ്ടതെന്നും മന്ത്രി വിശദീകരിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന ഒരു കാര്യത്തിന്‍റെ പുരോഗതി അറിയിക്കാനെത്തിയപ്പോൾ യൂണിവേഴ്‍സിറ്റി കോളേജ് സംഭവം കൂടി ചർച്ച ചെയ്തെന്നാണ് മന്ത്രിയുടെ വിശദീകരണം. യൂണിവേഴ്‍സിറ്റി കോളേജിലെടുക്കേണ്ട നടപടികൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ നല്ല നിലയിൽ അത് നിർവ്വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെടി ജലീൽ അറിയിച്ചു. 

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും പ്രതികളുടെ വീട്ടിൽ നിന്നും കോളേജിലെ യൂണിറ്റ് മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ യൂണിവേഴ്‍സിറ്റി വൈസ് ചാൻസിലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

read also:യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം ; ഗവര്‍ണര്‍ ഇടപെടുന്നു