കൊച്ചി: കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മന്ത്രി കെടി ജലീൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്. നേരത്തെ എൻഐഎയും ഇഡിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജൻസി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ  മേൽനോട്ടത്തിലാണ് കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യൽ . 

മറ്റ് കേന്ദ്ര ഏജൻസികൾക്കുമുന്നിൽ ഒളിച്ചുംപാത്തുമാണ് മന്ത്രി കെ ടി ജലീൽ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കിൽ പരസ്യമായിത്തന്നെയാണ് ഇത്തവണത്തെ വരവ്. സ്വകാര്യ വാഹനം ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങൾ അന്ന് വിവാദമാകുകയും ചെയ്തിരുന്നു.   ഉച്ചയ്ക്ക് 12 മണിയോടെയാണ് ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ മന്ത്രി എത്തിയത്. 

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിനാണ് വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഫോൺ വിളികൾ, കോൺസുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം  എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയിൽ  നിന്ന് വിവരങ്ങൾ തേടുന്നുണ്ട്. ഇതിനായി ഡൽഹിയിൽ നിന്ന് പ്രത്യേക ചോദ്യാവലിയും തയറാക്കി അന്വേഷണസംഘത്തിന് നൽകിയിട്ടുണ്ട്. 

മന്ത്രി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത അന്വേഷണസംഘം കഴിഞ്ഞ ദിവസം ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുഎ ഇ കോൺസുലേറ്റ് വഴി മതഗ്രന്ധങ്ങളും ഈന്തപ്പഴവും  വിതരണം ചെയ്തതിന്‍റെ മറവിൽ സ്വർണക്കളളക്കടത്ത് നടന്നോയെന്നും പരിശോധിക്കുന്നുണ്ട്. നയതന്ത്ര ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ധങ്ങളും ഈന്തപ്പഴവും മറ്റ് മന്ത്രി ഇടപെട്ട് പുറത്ത് വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്നും പ്രോട്ടോകോൾ ലംഘനമാണെന്നും കേന്ദ്ര ഏജൻസികൾ കരുതുന്നു. എന്നാൽ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ധങ്ങൾ വിതരണം ചെയ്യാൻ ഏൽപിച്ചതെന്നാണ് മന്ത്രി ജലീലിന്‍റെ നിലപാട്.

യു എഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നും കസ്റ്റംസ് പറയുന്നു.

നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ   ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.