മലപ്പുറം: ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങൾക്ക് പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് മന്ത്രി കെടി ജലീൽ. ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചത് കള്ളമാണ് എന്നതിൻ്റെ തെളിവാണ് താൻ. രാവിലെ അറസ്റ്റ് ഉച്ചക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ ? പറഞ്ഞതെല്ലാം പച്ചക്കള്ളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു. 

ഇഡി അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല, യുഡിഎഫിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സിഎം രവീന്ദ്രൻ കെവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ  ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ല. അസ്വസ്ഥത മാറിയാൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും കെടി ജലീൽ പറഞ്ഞു. 

ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയെന്ന് കെടി ജലീൽ. സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നു. വെൽഫെയർ പാര്‍ട്ടിയുമായി ഉള്ള ബന്ധം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. സുന്നി വിഭാഗം ഈ ധാരണയ്ക്ക് എതിരാണ്. മുജാഹിദ് വിഭാഗവും ഈ സഖ്യം അനുകൂലിക്കില്ല. മുസ്ലീം കമ്യൂണിറ്റിയിൽ തന്നെ 90% ആളുകളും ഈ ബന്ധത്തിനെതിരാണെന്നും കെടി ജലീൽ പറഞ്ഞു. 

വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമേതം എത്തിയാണ് മന്ത്രി കെടി ജലീൽ വോട്ട് രേഖപ്പെടുത്തിയത്.