പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രി എം ബി രാജേഷ് വിവാദ കമ്പനിയെ ന്യായീകരിച്ചത് പ്രതിഷേധത്തിനിടയാക്കി.

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ സർക്കാർ. പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രി എം ബി രാജേഷ് വിവാദ കമ്പനിയെ ന്യായീകരിച്ചത് പ്രതിഷേധത്തിനിടയാക്കി. മാധ്യമങ്ങളെ പഴിച്ചുകൊണ്ടായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസിന് തദ്ദേശമന്ത്രിയുടെ മറുപടി. ടിജെ വിനോദ് എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.

ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്നായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെ പ്രതിപക്ഷം നിയമസഭയിൽ വിശേഷിപ്പിച്ചത്. എന്നാല്‍, ഗുരുതരമായ ഒരു സാഹചര്യവുമില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം ബി രാജേഷ് മറുപടി നല്‍കിയത്. മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. കൊച്ചിയിലെ വായു ദില്ലിയേക്കാള്‍ മെച്ചമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ധര്‍ പോലും അംഗീകരിച്ചുവെന്നും എം ബി രാജേഷ് വിശദീകരിച്ചു.

Also Read: 'കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം, ഭരണകൂടത്തിൻ്റെ പിടിപ്പുകേട്': ബ്രഹ്മപുരത്തിൽ പ്രതിപക്ഷം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു എന്ന് തദ്ദേശമന്ത്രി സഭയില്‍ പറഞ്ഞു. ഇത് ഭരണപക്ഷ - പ്രതിപക്ഷ ഏറ്റുമുട്ടൽ വിഷയം അല്ല. പരസ്പരം ചളി വാരി എറിയരുത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തണം എന്നതാണ് ബ്രഹ്മപുരം നൽകുന്ന പാഠമെന്ന് പറഞ്ഞ മന്ത്രി, ബ്രഹ്മപുരത്തെ മാലിന്യ മല രണ്ട് വർഷം മുൻപ് ഉണ്ടായതല്ലെന്നും കുറ്റപ്പെടുത്തി. സീറോ വെസ്റ്റ് നഗരത്തെ ഈ നിലയിൽ എത്തിച്ചതിന് യുഡിഎഫിനുള്ള പങ്ക് അവര്‍ വിലയിരുത്തണമെന്നും എം ബി രാജേഷ് വിമര്‍ശിച്ചു.

ബ്രഹ്മപുരത്തില്‍ മാധ്യമങ്ങളെ പരിചാഴി കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും ചില മാധ്യമങ്ങള്‍ തീ ഇല്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ധരാണെന്നും കുറ്റപ്പെടുത്തിയ മന്ത്രി, വിവാദ കമ്പനിയെ ന്യായീകരിക്കുകയും ചെയ്തു. രണ്ട് ഡസന്‍ നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് കടലാസ് കമ്പനി ആണഎന്ന് പ്രചാരണം നടന്നു. കമ്പനിയെ കുറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്. കമ്പനിക്ക് എതിരായ പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഗെയില്‍ ഈ കമ്പനിയില്‍ ഓഹരി പങ്കാളിയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.