Asianet News MalayalamAsianet News Malayalam

'ഇതെല്ലാം ഒരു ഐഎഎസുകാരന്‍ ചെയ്തതില്‍ ലജ്ജിക്കുന്നു'; ശ്രീറാമിനെതിരെ എം എം മണി

അപകടത്തിന് ശേഷം ശ്രീറാം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നുവെന്ന് എം എം മണി

minister mm mani against sriram venkataraman
Author
Thiruvananthapuram, First Published Aug 3, 2019, 1:53 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എം എം മണി. വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമന്‍ വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച്‌ കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് എം എം മണി വ്യക്തമാക്കി.

അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച്‌ നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം ശ്രീറാം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്.

ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുകയാണ്. കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറഞ്ഞു.

 

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്.

minister mm mani against sriram venkataraman

അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.

എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി.

minister mm mani against sriram venkataraman

തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി. തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിൽ വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ശേഷം ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios